Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ തെരച്ചിൽ തുടരുന്നു. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തി.
മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തുകൾ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ വെടിവച്ചു കൊന്നു. ബിഹാർ സ്വദേശിനി ലക്ഷ്മിന ദേവി (55) ആണ് കൊല്ലപ്പെട്ടത്. അമൃത്സർ സ്വദേശി ഗുർപ്രീത് പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
കാലിന് ഒടിവുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു ലക്ഷ്മിന. ചികിത്സ തേടിയെത്തിയ രോഗിയെന്ന വ്യാജേനയാണ് ഗുർപ്രീത് ആശുപത്രിൽ പ്രവേശിച്ചത്. മരുന്ന് വാങ്ങിയ ശേഷം വാർഡിലേക്ക് കയറിയ ഇയാൾ ലക്ഷ്മിനയുടെ തലയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ജോലി അന്വേഷിച്ചാണ് ഇയാൾ ചന്ദൗലിയിൽ എത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ലക്നോവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആശുപത്രിയിൽ.
ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവാസ്തി പറഞ്ഞു.
Kerala
കോഴിക്കോട്: പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് പാമ്പുമായി ആശുപത്രിയിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് താമരശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്.
വീടിനു സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.
അഷറഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ വീണ്ടും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിൽ ഉണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദീർഘകാലമായി തുടരുന്ന ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ മുറിവ് ഭേദമാകാത്തതിന് കാരണമായി ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മഅദനിയെ എക്കോ, ഇസിജി, എക്സറേ, വിവിധ രക്ത പരിശോധനകൾ എന്നിവക്കും വിധേയമാക്കി. വിവിധ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് മഅദനി.
Kerala
കോഴിക്കോട്: ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്റെ ആരോഗ്യമേഖല. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചേവായൂരില്‍ തറക്കല്ലിട്ടത്.
ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപറേഷന് തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും.
14 സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്സ്പ്ലാന്റേഷന് മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്സുകള്‍ക്കും പദ്ധതിയുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 15 ആന്ത്ര (ഇന്റസ്റ്റൈനല്‍) ട്രാന്‍സ്പ്ലാന്റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.
District News
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രസവ ശാസ്ത്രക്രിയയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്കു മാർച്ച് സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ചു. കച്ചേരി ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ആശുപത്രി പ്രവേശന കവാടത്തിലൂടെ അകത്ത് പ്രവേശിക്കുവാൻ ശ്രമിച്ചു. ഇതു തടഞ്ഞ പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. തുടർന്നുണ്ടായ ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്.കെ. അഭിജിത്ത്, ഫൈസൽ നന്നാട്ടുകാവ്, ജില്ലാ ഭാരവാഹികളായ സൈദലി കൈപ്പാടി, ശരത് ശൈലേശ്വരൻ, ബാഹുൽ കൃഷ്ണ, ഷിനു നെട്ടയിൽ, മണ്ഡലം പ്രസിഡന്റുമാരായ ഗോകുൽ കൊടൂർ, ഷൈജു വട്ടപ്പാറ, റിഫായി, വിനീഷ്, അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ, സജാദ് മന്നൂർക്കോണം, നിയോജകമണ്ഡലം ഭാരവാഹികളായ മോനിഷ് വെമ്പായം, വിശാഖ്, ഷാഹിൻ, മൻസൂർ, ഡൊമിനിക്ക്, കെഎസ്യു ഭാരവാഹികളായ അഭിജിത്ത് നെടുമങ്ങാട്, ഇമ്രാൻ, റയാൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വിളപ്പിൽശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.
കൊല്ലങ്കോണം സ്വദേശി ബിസ്മീർ മരിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 19ന് പുലർച്ചയാണ് ശ്വാസ തടസത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പത്ത് മിനിറ്റിലധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നത്. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.
പിന്നീട് നില വഷളായതോടെ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആർ. ശങ്കർദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ജയിൽ ഡോക്ടർ ഇന്ന് ശങ്കർദാസിനെ പരിശോധിക്കും. തുടർന്നാണ് ആശുപത്രിമാറ്റുന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക.
ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഇയാളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അതേസമയം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിൽ അപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങുക.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണ വിശ്രമം വേണമെന്നും ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പോലീസ് കാണിക്കുന്നത്. യുഡിഎഫ് പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.
ചെറിയ തലകറക്കം അനുഭവപ്പെട്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, രക്തസമ്മര്‍ദത്തില്‍ വ്യതിയാനം സംഭവിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.